Sunday, December 30, 2012

ബബിള്‍ഗം

    മൂന്നാം ക്ലാസ്സുകാരി, മീനാക്ഷി ...എല്ലാവരും സ്നേഹത്തോടെ  മീനുകുട്ടി എന്ന് വിളിക്കും.  മീനുകുട്ടി  ഇന്ന് സ്കൂളില്‍ നിന്ന് നേരത്തെ  വീട്ടിലേക്കു  തിരിച്ചെത്തി .അവള്‍ വളരെ സന്തോഷത്തിലാണ് .ഇത്രയും നേരം  കൈയില്‍ ഒളിപ്പിച്ചുവച്ച   സാധനം അവള്‍ അമ്മയ്ക്ക് നേരെ നീട്ടി .ഒരു "ബബിള്‍ഗം" .മീനുകുട്ടിക്ക് ഏറ്റവും ഇഷ്ട്ടപെട്ട  സുഹൃത്ത്‌ അച്ചു  സമ്മാനിച്ചതാണത്.  

  "ബബിള്‍ഗമോ ഇതെവിടന്നു കിട്ടി? ..ഇതൊന്നും കുട്ടികള്‍ക്ക് കഴിക്കാനുള്ളതല്ല.....ആരെങ്കിലു
ം  ഒക്കെ തരുന്നതൊന്നും   വാങ്ങിക്കരുതെന്നു അമ്മ പറഞ്ഞിട്ടുള്ളതല്ലേ  ....മോള്‍ക്ക്‌ വേണ്ടതെല്ലാം അമ്മ വാങ്ങി തരുന്നില്ലേ ...അത്  വേഗം പുറത്തു  കൊണ്ടുപോയി കളഞ്ഞിട്ടു വന്നെ ..."   അമ്മ അല്പം ശബ്ദം ഉയര്‍ത്തി  തന്നെ പറഞ്ഞു..

   പാവം മീനുകുട്ടിയുടെ മുഖം വാടി...അവളുടെ അച്ചു തന്നതല്ലേ ....ഇതു തരുമ്പോള്‍ അവള്‍ പറഞ്ഞിരുന്നു മീനുകുട്ടിയെ അവള്‍ക്ക് ഒത്തിരി ഇഷ്ടമാണെന്ന്....അമ്മ വഴക്ക് പറഞ്ഞതില്‍ മീനുകുട്ടിക്കു  സങ്കടം തോന്നി .അവള്‍ വീടിനു പുറത്തേക്ക് ഓടി .ബബിള്‍ഗം........അവള്‍ ഇതുവരെ അത് കഴിച്ചിട്ടില്ല....നല്ല മധുരമാണെന്ന് കേട്ടിട്ടുണ്ട് ..അമ്മ കളയാന്‍ പറഞ്ഞതാണെങ്കിലും അത് കളയാന്‍ അവള്‍ക്കു മനസ്സ് വന്നില്ല .ആരും തന്നെ കാണുന്നില്ല എന്ന് ഉറപ്പു വരുത്തി ...അമ്മ വരുന്നുണ്ടോ എന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കി ....വളരെ ധൃതിയില്‍ ബബില്ഗത്തിന്റെ കടലാസ്സു വലിച്ചു മാറ്റി .....അവള്‍ വേഗം അത് വായിലേക്കിട്ടു .വെപ്രാളത്തില്‍ അമര്‍ത്തി ചവച്ചു .

"മീനുകുട്ടി  ............."

    അമ്മയുടെ വിളി കേട്ട ഉടനെ അവള്‍ അത് പുറത്തേക്കു  തുപ്പികളഞ്ഞു ...എന്നിട്ട് ഒന്നും അറിയാത്ത ഭാവത്തില്‍ അമ്മയുടെ അടുത്തേക്ക് ചെന്നു.അപ്പോഴാണ്‌ ഒരു കാര്യം അവളുടെ ശ്രദ്ധയില്‍ പെട്ടത് .തന്‍റെ തൊണ്ടയില്‍ എന്തോ ഒരു ചെറിയ തടസ്സം അനുഭവപ്പെടുന്നു .അമ്മയോട് പറയാതെ ,,, മുഖം നോക്കുന്ന കണ്ണാടിയില്‍, അവള്‍ വായ തുറന്നു നോക്കി ...ബബില്ഗത്തിന്റെ ഒരു ചെറിയ കഷ്ണം തന്‍റെ  അണ്ണാക്കില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു..അവളുടെ നെഞ്ചിടിപ്പ് കൂടി ...പേടികൊണ്ട് അവളുടെ കൈ വിറച്ചു ...അമ്മയോട് കാര്യം പറയാന്‍ അവള്‍ ഭയന്നു.അനുസരണകേട് കാണിച്ചതിന് ദൈവം തന്ന ശിക്ഷയാണ് ഇതെന്ന് അവള്‍ക്കു തോന്നി .അമ്മയുടെ മുന്നില്‍ നില്‍ക്കാന്‍ പോലും അവള്‍ ഭയന്നു .

   ആരോടും ഒന്നും മിണ്ടാതെ  അവള്‍ ഒറ്റയ്ക്ക്  മാറി ഇരുന്നു .ജോലിത്തിരക്കുകള്‍ക്കിടയില്‍ അമ്മയ്ക്ക് മീനുകുട്ടിയുടെ മാറ്റങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല .അവള്‍ ഭക്ഷണം കഴിക്കാനും ,വെള്ളം കുടിക്കാനുമൊക്കെ വല്ലാതെ ഭയന്നു . എന്തിനേറെ ഉമിനീര്‍ ഇറക്കാന്‍ പോലും അവള്‍ക്ക് പേടി തോന്നി .രാത്രി ഭക്ഷണം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചപ്പോള്‍ അമ്മയോട് എല്ലാം തുറന്നു പറയണമെന്ന് അവള്‍ കരുതി .പക്ഷെ എന്തുകൊണ്ടോ പറഞ്ഞില്ല .ഭക്ഷണം കഴിച്ചു കഴിഞ്ഞയുടനെ അവള്‍ കണ്ണാടി ലക്ഷ്യമാക്കി ഓടി .വീണ്ടും കണ്ണാടി നോക്കി .ഇല്ല പോയിട്ടില്ല .അത് അവിടെ തന്നെ ഉണ്ട് .

      ഉറക്കം വരുന്നതായി നടിച്ച് അവള്‍ തന്റെ മുറിയില്‍ ചെന്ന് മൂടി പുതച്ച് കിടന്നു.എന്നും അച്ഛനെയും കാത്തു ഇരിക്കുന്ന കുട്ടി ...ഇന്നെന്താ നേരത്തെ ഉറങ്ങാന്‍ കിടന്നത് എന്ന് അമ്മ ആലോചിച്ചു. ഭയം കൊണ്ട് അവളുടെ ഹൃദയമിടിപ്പ്‌ വല്ലാതെ കൂടി .ആ ബബിള്‍ഗം മിഴുങ്ങിയാല്‍ താന്‍ മരിച്ചു പോകുമെന്ന് അവള്‍ ഉറച്ചു വിശ്വസിച്ചു .അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി .ഉറക്കം വരാതെ  തിരിഞ്ഞും മറിഞ്ഞും കിടന്നു അവള്‍ എങ്ങനെയോ നേരം വെളുപ്പിച്ചു.

    രാവിലെ എഴുന്നേറ്റതും കണ്ണാടി നോക്കി ..ഇല്ല ഇപ്പോഴും അത് അവിടെ തന്നെ ഉണ്ട് .അവള്‍ പതിവ് പോലെ സ്കൂളില്‍ പോകാന്‍ തയ്യാറായി  .അമ്മയ്ക്ക് കൊടുക്കാറുള്ള പതിവ് ഉമ്മ പോലും മറന്ന്,അവള്‍ സ്കൂള്‍ വാനില്‍ കയറി പോയി .സ്കൂളില്‍ മറ്റു കുട്ടികള്‍ കളിക്കുന്നുണ്ടെങ്കിലും മീനുകുട്ടിക്ക് അതിനു കഴിഞ്ഞില്ല .പേടി അവളെ അലട്ടുന്നുണ്ടായിരുന്നു.മുഖത്തെ വല്ലായ്മ കണ്ട് അവളുടെ സുഹൃത്ത്‌ അച്ചു കാര്യം തിരക്കി .അവള്‍ക്കു ഒന്നും മിണ്ടാനായില്ല .കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു .

     കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ മീനുകുട്ടി സംഭവിച്ചതെല്ലാം പറഞ്ഞു .താന്‍ കൊടുത്ത ബബിള്‍ഗമാണ് ഇതിനെല്ലാം കാരണം എന്ന് അറിഞ്ഞപ്പോള്‍ അച്ചു വല്ലാതെ വിഷമിച്ചു .ടീച്ചറോട് പറയാം എന്ന് അവള്‍ പറഞ്ഞു ...പക്ഷെ മീനുകുട്ടി സമ്മതിച്ചില്ല .ആരോടും പറയില്ല എന്ന് അച്ചുവിനെ  കൊണ്ട് സത്യം ചെയ്യിപ്പിച്ചു .വൈകുന്നേരം  വൈകിയാണ് സ്കൂള്‍ വാന്‍ എത്തിയത് . മീനുകുട്ടിയേയും കാത്തു അമ്മ വീടിന്റെ മുന്‍വശത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്നു .അമ്മ മീനുകുട്ടിയെ അടുത്തേക്ക് വിളിച്ചു .എന്നിട്ട് വായ തുറന്നു കാണിക്കാന്‍ പറഞ്ഞു .മീനുകുട്ടി പേടിച്ചു വിറച്ചു  .അച്ചു നേരത്തെ ഫോണ്‍ ചെയ്തു അമ്മയോട് കാര്യം പറഞ്ഞിരുന്നു .മീനുകുട്ടി അമ്മയെ കെട്ടിപ്പിടിച്ചു കരയാന്‍ തുടങ്ങി .ഇനി ഒരിക്കലും അനുസരണകേട് കാണിക്കില്ല എന്നും , അമ്മ തല്ലും എന്ന് ഭയന്നാണ് അമ്മയോട് പറയാതിരുന്നത് എന്നും അവള്‍ പറഞ്ഞു.

    അമ്മ ഉടനെ മീനുകുട്ടിയെ ആശുപത്രിയില്‍ കൊണ്ട് പോയി .ഡോക്ടര്‍ വായ തുറക്കാന്‍ പറഞ്ഞിട്ടും അവള്‍ അതിനു തയ്യാറായില്ല .പേടികൊണ്ട് അവള്‍ കരഞ്ഞു നിലവിളിച്ചു .മീനുകുട്ടിയുടെ അമ്മയും വല്ലാതെ ഭയന്നു.അവളുടെ  കരച്ചിലിനിടയില്‍ ആ ബബിള്‍ഗം ഉള്ളിലേക്ക് ഇറങ്ങി പോയി .പേടിക്കാന്‍ ഒന്നും ഇല്ലെന്നും അത് ദഹിച്ചു പൊക്കോളും എന്നും ഡോക്ടര്‍ പറഞ്ഞു .പക്ഷെ മീനുക്കുട്ടിയുണ്ടോ അതൊക്കെ വിശ്വസിക്കുന്നു ..,,,ഞാന്‍  ഇപ്പോള്‍ മരിക്കും എന്ന് പറഞ്ഞ് മീനുകുട്ടി ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി .അവള്‍ തലകറങ്ങി അമ്മയുടെ കൈകളിലേക്ക് വീണു .കൂടാതെ അവള്‍ക്കു നല്ല പനിയും ഉണ്ടായിരുന്നു .

    പിന്നീട് മീനുകുട്ടിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ അച്ഛനും അമ്മയും വല്ലാതെ ബുദ്ധിമുട്ടി .ഡോക്ടറും മീനുകുട്ടിയെ സമാധാനിപ്പിച്ചു .ഇനി ഇത്തരം കുസൃതികള്‍ കാണിക്കരുതെന്ന് ഉപദേശവും നല്‍കി .മീനുകുട്ടിയുടെ  പേടിയും മാറി  .ഡോക്ടര്‍ കൊടുത്ത കളര്‍ പെന്‍സിലും വാങ്ങി സന്തോഷത്തോടെ അവള്‍ വീട്ടിലേക്കു  മടങ്ങി .

((((ഇപ്പോള്‍ പറഞ്ഞു നിര്‍ത്തിയ ഈ കഥയില്ലേ ഇത്,. ഒരു വെറും കഥയല്ല ..എന്‍റെ അനുഭവകഥയാണ്‌ .ഇതിലെ ആ ബബിള്‍ഗം മിഴുങ്ങിയ കുട്ടിയില്ലേ അത് ഞാന്‍ തന്നെയാണ് ....മീനുകുട്ടി എന്ന് എനിക്ക് ഇഷ്ട്ടമുള്ള ഒരു പേര് ഇട്ടു കൊടുത്തു എന്ന് മാത്രം ...പിന്നെ എനിക്ക് ബബിള്‍ഗം നല്‍കിയ എന്‍റെ സുഹൃത്ത്‌ ....ആ സൗഹൃദം ഇന്നും ഒരു ഒഴിയാബാധ പോലെ എന്നെ പിന്തുടരുന്നുണ്ട് .ഹി ഹി ))))

 .

32 comments:

  1. എനിക്കും ഇതു പോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്

    ReplyDelete
    Replies
    1. ബബിള്‍ഗം മിഴുങ്ങിയോ എന്നെപ്പോലെ ? :-)

      Delete
  2. ഹഹഹ...
    ഇഷ്ടപ്പെട്ടു കേട്ടോ ഈ അനുഭവവിവരണം

    ReplyDelete
  3. കുഞ്ഞുമനസ്സിന്റെ വേവലാതി....

    ReplyDelete
  4. മീനുക്കുട്ടി എന്ന അമ്മാച്ചുവിന്റെ കുസൃതി ബാല്യം ഇഷ്ടായി...ആ സൌഹൃദം എന്നും ഒരു തണലായി ഉണ്ടാവട്ടെ... ആശംസകള്‍..

    ReplyDelete
    Replies
    1. നന്ദി ആശ ...ആ സൗഹൃദം എനിക്ക് ഒരിക്കലും നഷ്ട്ടമാവില്ല."ഫെവികോള്‍" വച്ച് ഒട്ടിച്ച സൗഹൃദം ആണ് അത് :-P :-)

      Delete
  5. ഒരു ബബിള്‍ഗം വരുത്തി വച്ച വിനയേ... ഏതായാലും അച്ചു കൊള്ളാം... അമ്മയോട് വിളിച്ചു പറഞ്ഞില്ലേ.. :) മീനുക്കുട്ടി പിന്നെ ബബിള്‍ഗം കഴിച്ചുവോ എന്തോ..? :)

    സൗഹൃദം ഒഴിയാബാധ തന്നല്ലേ.. ? :)

    ReplyDelete
    Replies
    1. അച്ചു അമ്മയോട് വിളിച്ചു പറയാതെ ഇരിക്കുമോ ...ബബിള്‍ഗം തന്നത് അവളല്ലേ .....പേടി ഉണ്ടാകില്ലേ ...ഹി ഹി
      പിന്നെ ബബിള്‍ഗം തീറ്റ അതോടെ തീര്‍ന്നു .അനുഭവം ഗുരു :-)

      Delete
  6. സ്വാനുഭവം പോലെ തോന്നി. നല്ല എഴുത്ത്‌. ആശംസകൾ

    ReplyDelete
    Replies
    1. സ്വന്തം അനുഭവം തന്നെ ആണ് .
      വായനയ്ക്ക് സമയം കണ്ടെത്തിയതിനു വളരെ നന്ദി:-)

      Delete
  7. കുറച്ചൂടെ കുട്ടിത്തം ആകാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്.....
    ഏതായാലും ആ സംഭവം ഹൃദ്യമായി തോന്നി....
    ആശംസകള്‍...

    സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗിലേയ്ക്ക്‌ ഒന്നെത്തി നോക്കി അഭിപ്രായം പറഞ്ഞിട്ട് പോകണേ............

    ReplyDelete
    Replies
    1. വളരെ നന്ദി വിനീത് :-)
      ബ്ലോഗ്‌ ഞാന്‍ വായിച്ചു .
      എന്റെ അഭിപ്രായം അവിടെ കുറിച്ചിട്ടുണ്ട് .

      Delete
  8. നല്ലൊരു ഓര്‍മ്മക്കുറിപ്പ്. നന്നായി എഴുതുകയും ചെയ്തിട്ടുണ്ട്.

    പണ്ട് സ്കൂളില്‍ വച്ച് ആദ്യമായി ബബിള്‍ഗം കഴിച്ച സംഭവം ഓര്‍മ്മ വന്നു. :)


    പുതുവത്സരാശംസകള്‍!

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി ശ്രീ :-)

      Delete
  9. അനുഭവ വിവരണം ഇഷ്ടായി.
    ഇത്തരം ഭയം അക്കാലങ്ങളില്‍ ഉണ്ടാക്കുന്ന അങ്കലാപ്പ് ശരിയാണ്.

    ReplyDelete
    Replies
    1. സന്തോഷം റാംജി സാര്‍.
      ആ സംഭവം ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു .:-)

      Delete
  10. മധുരമുള്ള ഒരു വിങ്ങലായി ബബിള്‍ഗം ,നന്നായിരിക്കുന്നു.

    ReplyDelete
  11. ഓര്‍മ്മകള്‍ ഇങ്ങനെ ഷെയര്‍ ചെയ്തപ്പോള്‍ അതിന് ബബിള്‍ഗത്തെക്കാള്‍മധുരമുണ്ടുട്ടോ .

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പങ്കുവച്ചതിനും നന്ദി മിനി :-)

      Delete
  12. കൊള്ളാം കേട്ടോ. ഞാന്‍ വായിച്ചു കുറെ ചിരിച്ചു . ഇതിന്‍റെയൊന്നും ആവശ്യമില്ലായിരുന്നു. കൈ കൊണ്ട് തന്നെ തൊണ്ടയില്‍ കുടുങ്ങിയ ആ ബബിള്‍ഗം എടുത്താല്‍ മതിയായിരുന്നു . അന്ന് അതൊക്കെ ആരു ഓര്‍ക്കാന്‍ ആണ്‍ അല്ലേ. . ആശംസകള്‍ @ pravaahiny

    ReplyDelete
    Replies
    1. നന്ദി :-)
      കൈയിട്ട് എടുക്കാന്‍ ഒക്കെ ഞാന്‍ ശ്രമിച്ചതാണ് പക്ഷെ ആ ബബിള്‍ഗം കൈ എത്താ ദൂരത്തായിരുന്നു.
      പോരാത്തതിന് പേടിയും . ഹി ഹി
      എന്തായാലും അതൊരു വല്ലാത്ത അനുഭവമായിരുന്നു:-)

      Delete
  13. നല്ല മധുരമുള്ള ഓര്‍മ്മകള്‍ . ബാല്യത്തില്‍ എല്ലാവര്‍ക്കുമുണ്ടാകും ഇങ്ങനെ അകാരണമായി ഭയന്ന ഓര്‍മ്മകള്‍ അല്ലെ

    ReplyDelete
    Replies
    1. ആദ്യ വരവിന് നന്ദി നിസാരന്‍ :-)
      അതെ അതെ ബാല്യത്തില്‍ എല്ലാവര്‍ക്കുമുണ്ടാകും ഇങ്ങനെ ചില ഓര്‍മ്മകള്‍ പിന്നീട് ഓര്‍ത്തു ചിരിക്കാന്‍ :-)

      Delete
  14. രസകരമായിരുന്നു എഴുത്ത് .
    പിന്നെ ഒരു സംശയം.
    ആ ബബിള്‍ഗം പോയില്ല . ഇന്നും ഉള്ളില്‍ ഉണ്ട് അല്ലെ ?
    -------------------------------
    (ശരീരത്തില്‍ അല്ല ... മനസ്സില്‍ )

    ReplyDelete
    Replies
    1. നന്ദി കണക്കൂര്‍ :-)
      ആ സംഭവം ഇപ്പോഴും നല്ല ഓര്‍മയുണ്ട് .
      ബബിള്‍ഗം കഴിക്കാന്‍ ഒരു ചെറിയ ധൈര്യക്കുറവ് ,ഇപ്പോഴും ഉണ്ട് .:-)

      Delete
  15. ഓര്‍മ്മകള്‍ ഇങ്ങനെ ഷെയര്‍ ചെയ്തപ്പോള്‍ അതിന് ബബിള്‍ഗത്തെക്കാള്‍മധുരമുണ്ടുട്ടോ നല്ല എഴുത്ത്‌. ആശംസകൾ....

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി. :-)

      Delete